റോണോയ്ക്ക് മുന്നറിയിപ്പുമായി മുന്‍ റയല്‍മാഡ്രിഡ് താരം

യുവന്റസില്‍ ആദ്യ ഗോള്‍ കണ്ടെത്താനാവാതെ ഉഴറുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു മുന്നറിയിപ്പു നല്‍കി മുന്‍ റയല്‍ മാഡ്രിഡ് താരം റൗള്‍ ആല്‍ബിയോള്‍. കഴിഞ്ഞ എട്ടു സീസണുകളിലായി നാല്‍പതിലധികം ഗോള്‍ നേടുന്ന റൊണാള്‍ഡോ ആറു തവണ അന്‍പതിലധികം ഗോള്‍ നേടി റെക്കോര്‍ഡിട്ടിരുന്നു.

രണ്ടു സീസണുകളില്‍ അറുപതിലധികം ഗോളുകളും താരം നേടിയിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ ലീഗിലെ പ്രതിരോധത്തിലൂന്നിയുള്ള കേളീ ശൈലിയില്‍ ഈ റെക്കോര്‍ഡുകള്‍ ആവര്‍ത്തിക്കാന്‍ റൊണാള്‍ഡോ പാടുപെടുമെന്നാണ് ആല്‍ബിയോള്‍ പറയുന്നത്. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ നാപോളിയുടെ പ്രതിരോധ താരമാണ് ആല്‍ബിയോള്‍.

ക്രിസ്റ്റിയാനോ മികച്ച കഴിവുകളുള്ള ഒന്നാം നമ്പര്‍ താരമാണെങ്കിലും റയലിനൊപ്പം താരം നടത്തിയ പ്രകടനം ഇറ്റാലിയന്‍ ലീഗില്‍ ആവര്‍ത്തിക്കാനാവില്ലെന്ന് ആല്‍ബിയോള്‍ പറഞ്ഞു. നാല്‍പതിലധികം ഗോളുകള്‍ ഇവിടെ നേടുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം റൊണാള്‍ഡോ ഇപ്പോഴത്തെ ഗോള്‍ വരള്‍ച്ച അടുത്തു തന്നെ പരിഹരിക്കുമെന്ന ഉറച്ച പ്രതീക്ഷയും ആല്‍ബിയോള്‍ പങ്കു വെച്ചു. റയലിലെ ആദ്യ സീസണിലും ഇതു പോലെ പതര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും സീസണ്‍ അവസാനിക്കുമ്പോഴേക്കും നിരവധി ഗോളുകള്‍ താരം വാരിക്കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.