35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍

വിനോദ സഞ്ചാര മേഖലകളിലെ ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമാണ് തീരുമാനം. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമാവും പ്രഖ്യാപനം ഉണ്ടാവുക. വിനോദ സഞ്ചാര മേഘലകളിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യം എന്നാണ് സിപിഎം വിശദീകരണം.

ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള തീരുമാനവും പിന്‍വലിക്കും. കള്ളുഷാപ്പുകള്‍ക്ക് മുന്‍തൂക്കം നല്‍കുകയുമാണ് ലക്ഷ്യം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുന്നണിയിലെ മറ്റു കക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ നടക്കൂ. പ്രത്യേക ഇടതുമുന്നണി യോഗം ചേര്‍ന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എല്‍ഡിഎഫില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതുന്നതാകും പുതിയ പ്രഖ്യാപനങ്ങളെന്നും കരുതാം.