രാഹുലിന് മറുപടിയുമായി ഫ്രാന്‍സ്:രഹസ്യങ്ങള്‍ പുറത്തുവിടില്ല; 2008ലെ ഉടമ്പടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഫ്രാന്‍സ്. റഫാല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമായി രേഖപ്പെടുത്തിയിരുന്നെന്നും  ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം. ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റിനെ താന്‍ കണ്ടപ്പോള്‍ അത്തരമൊരു കരാര്‍ ഇല്ലെന്നാണ് അറിഞ്ഞതെന്നും രാഹുല്‍ രാവിലെ സഭയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് 2008ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി ഉണ്ടാക്കിയ കരാറിലാണ് ഈ വ്യവസ്ഥ ഉള്ളതെന്ന് ,തെളിവു സഹിതം നിര്‍മലാ സീതാരാമന്‍ മറുപടിയുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ്‌ കനത്ത പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു. ഫ്രാന്‍സ് പരസ്യ പ്രസ്താവന നടത്തിയതോടെ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അവര്‍ക്കു നിഷേധിക്കണമെങ്കില്‍ അങ്ങനെയാകാം. പക്ഷേ, റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇല്ലെന്നാണു ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞതെന്നും അദേഹം വ്യക്തമാക്കി.