ശ്രദ്ധിക്കാം, ഇന്ധനക്ഷമത കൂട്ടാം

FUEL EFFICIENCY

 

ഇന്ധന വില അടിക്കടി ഉയരുമ്പോഴാണ് വാഹനത്തിന്റെ മൈലേജിനെ കുറിച്ച് ചിന്തിക്കുക. കമ്പനികള്‍ തരുന്ന മൈലേജ് ലഭിക്കില്ലെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇന്ധനച്ചെലവ് വലിയൊരളവ് കുറയ്ക്കാനാകും.ആക്‌സിലറേറ്ററും ബ്രേക്കും ഉപയോഗിക്കുമ്പോഴാണ് വാഹനത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ധനം ചെലവാകുന്നത്. പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോഴും വാഹനം വേഗം മുന്നോട്ടെടുക്കുമ്പോഴും സാധാരണയില്‍ കവിഞ്ഞ് ഇന്ധനം ഉപയോഗിക്കപ്പെടും.

വാഹനം ഓടിക്കുമ്പോള്‍ പതിയെ മുന്നോട്ടെടുക്കാം. എത്രയും വേഗം ടോപ് ഗിയറില്‍ എത്തിയാല്‍ നല്ലത്. പരമാവധി ഒരേ വേഗം സൂക്ഷിക്കുക. സിഗ്‌നലുകളില്‍ 20 സെക്കന്‍ഡിലധികം വേണ്ടിവന്നാല്‍ എന്‍ജിന്‍ ഓഫാക്കാം. ആക്‌സിലറേറ്ററില്‍ പതിയെ കാല്‍ കൊടുത്തിരുന്നാല്‍ ഇന്ധന ഉപഭോഗം 30 ശതമാനം വരെ കുറയുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രേക്ക് ഉപയോഗിക്കുമ്പോഴാണ് ഏറെ ശ്രദ്ധിക്കേണ്ടത്. പതിയെ വേഗം കുറച്ച് നിര്‍ത്തുകയാണ് ഇന്ധന ക്ഷമത കൂട്ടാന്‍ സഹായിക്കുക.

അടിക്കടി ഗിയര്‍ മാറുന്നതും ക്ലച്ച് ഉപയോഗിക്കുന്നതും അധിക ഇന്ധനച്ചെലവുണ്ടാക്കും. സിഗ്‌നലുകളില്‍ ക്ലച്ചില്‍ കാല്‍ വച്ചിരുന്നാലും ഇന്ധനം അധികം ചെലവാകും. എത്രയും വേഗം ടോപ് ഗിയറിലെത്തുകയും ആവശ്യമെങ്കില്‍ മാത്രം ഗിയര്‍ ഡൗണാക്കുകയും ചെയ്യുക. പുതിയ കാറുകളില്‍ ഗിയര്‍ മാറ്റേണ്ട സമയത്ത് സിഗ്‌നല്‍ കാണിക്കാറുണ്ട്. ഇത് ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കും. 5000 കിലോമീറ്ററിനും 10,000 കിലോമീറ്ററിനും ഇടയില്‍ സര്‍വീസിങ് നടത്തുന്നതാണ് നല്ലത്. ആവശ്യമെങ്കില്‍ എന്‍ജിന്‍ ഓയില്‍ മാറ്റുകയും വേണം. ഇത് എന്‍ജിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കും.

എ.സി. ഓഫാക്കി വിന്‍ഡോ തുറന്നിട്ട് യാത്ര ചെയ്താല്‍ ഇന്ധനക്ഷമത കൂടുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, വേഗം കൂടുമ്പോള്‍ വായുവുമായുള്ള പ്രതിരോധം കൂട്ടുന്നതിന് ഇത് കാരണമാകും. വിന്‍ഡോയിലൂടെ അകത്തേക്ക് കയറുന്ന വായു വാഹനത്തെ മുന്നോട്ട് നീക്കുന്നതിനായി കൂടുതല്‍ ഇന്ധനം ചെലവാക്കും.

യു.എസ്. ആസ്ഥാനമായുള്ള സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് ഇതു സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. വിന്‍ഡോ അടച്ച്, എ.സി. ഓണാക്കുന്നതാണ് ഇന്ധനക്ഷമത കൂട്ടുന്നതെന്ന് ഇവര്‍ പറയുന്നു. വിന്‍ഡോ തുറന്നിട്ട് വാഹനം ഓടിക്കുമ്പോള്‍ മൈലേജില്‍ 20 ശതമാനം വരെ കുറവുണ്ടാകുന്നുതായാണ് ഇവരുടെ കണ്ടെത്തല്‍. അതേസമയം, എ.സി. ഓണാക്കി യാത്ര ചെയ്താല്‍ ഇത് 10 ശതമാനം മാത്രമേ വരുന്നുള്ളൂ. കാറുകള്‍ക്കനുസരിച്ചും എയറോ ഡൈനാമിക് പ്രത്യേകതകള്‍ക്കനുസരിച്ചും താപനില, കാറ്റ്, വേഗം എന്നിവയ്ക്കനുസരിച്ചും ഇതില്‍ മാറ്റങ്ങളുണ്ടാകാം.കുറഞ്ഞ വേഗത്തില്‍ പോകുമ്പോ ള്‍ വായുവിന്റെ പിന്‍വലി കുറയുമെന്നതിനാല്‍ വിന്‍ഡോ തുറന്നിട്ട് പോകുന്നതാണ് മെച്ചം.