ഗഗന്‍യാന്‍: ബഹിരാകാശ സ്യൂട്ട് പ്രദര്‍ശിപ്പിച്ചു, വികസിപ്പിച്ചത് തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനായി ഇന്ത്യ വികസിപ്പിക്കുന്ന ‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ഐഎസ്ആര്‍ഒ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ബംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഇതിനൊപ്പം ക്രൂ മോഡല്‍ കാപ്‌സ്യൂള്‍, ക്രൂ എസ്‌കേപ് മോഡല്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. 2022 ലാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഐഎസ് ആര്‍ ഒ ഉദ്ദേശിക്കുന്നത്.

‘ഗഗന്‍യാന്‍’ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചത് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററാണ്. 2 വര്‍ഷത്തെ ഗവേഷണത്തിന് ഒടുവിലാണ് സ്യൂട്ട് തയ്യാറാക്കിയത്. 60 മിനിറ്റ് പ്രവര്‍ത്തനദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള കഴിവുണ്ട്. മൂന്ന് സ്‌പേസ് സ്യൂട്ടുകളാണ് വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ വികസിപ്പിച്ചത്.
ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗന്‍യാന് 10000 കോടി രൂപയാണ് ചിലവ് . ഗഗന്‍യാന്‍ വിക്ഷേപണവാഹനം ജിഎസ്എല്‍വി മാര്‍ക്ക് 3 യാണ്. ഇതില്‍ ബഹിരാകാശ യാത്രികര്‍ക്ക് മൂന്നു ദിവസം മുതല്‍ ഒരാഴ്ച വരെ ബഹിരാകാശത്ത് ചെലവഴിക്കാനാകും.
ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ച ക്രൂ മോഡല്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശത്ത് യാത്രികര്‍ വസിക്കുന്ന സ്ഥലമാണ്.കടുത്ത ചൂടില്‍നിന്നു യാത്രികര്‍ക്കു സംരക്ഷണമേകുന്ന താപകവചമാണ് ഇത്. തിരിച്ചിറക്കത്തില്‍ ഈ കവചത്തിന് തീപിടിക്കുമെങ്കിലും ക്യാപ്‌സ്യൂളിനുള്ളിലെ താപനില 25 ഡിഗ്രി മാത്രമാണ്.