പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് ആറു തൊഴിലാളികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ മീഥെയിന്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് ആറു തൊഴിലാളികള്‍ മരിച്ചു. പെട്രോ കെമിക്കല്‍ ഫാക്റ്ററിയിലാണ് ടാങ്ക് പൊട്ടിത്തെറിച്ചത്. രണ്ടുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാണാതായി.

തൊഴിലാളികള്‍ ടാങ്ക് റിപ്പയര്‍ ചെയ്തു കൊണ്ടിരിക്കെയാണ് പൊട്ടിത്തെറി നടന്നത്. വെല്‍ഡിങ്ങ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് തീ പിടിക്കാനിടയുള്ള ഗ്യാസിലേക്ക് പടര്‍ന്നതാകാം അപകട കാരണമെന്ന് പൊലീസ് സൂപ്രണ്ട് ഉമേഷ് സിംഗ് പറയുന്നു. പതിനൊന്നു പേരാണ് എഥനോള്‍ നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്.

സുരക്ഷാ വീഴ്ചകള്‍ വരുത്തിയതിന് ഫാക്ടറിയുടമയുടെ പേരില്‍ കേസ് എടുത്തു. പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.