ദല്‍ഹിയില്‍ ഗാസിപുര്‍ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

ന്യൂദല്‍ഹിയിലെ ഗാസിപുര്‍ മാലിന്യകേന്ദ്രത്തില്‍ മാലിന്യം ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. പ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. നിരവധി ആളുകള്‍ മാലിന്യ കൂമ്പാരത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണു സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അഞ്ചു വാഹനങ്ങള്‍ സമീപത്തെ കൊണ്ട്‌ലി കനാലിലേക്ക് ഒലിച്ചുപോയി. 50 അടിയിലേറെ ഉയരമുള്ള മാലിന്യ കൂമ്പാരമാണ് ഇടിഞ്ഞു വീണതെന്നാണു റിപ്പോര്‍ട്ടുകള്‍. രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ദല്‍ഹി പോലീസ് സ്ഥിരീകരിച്ചു. അപകടകാരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി മുനിസിപ്പല്‍ കമ്മിഷണര്‍ രണ്‍ബിര്‍ സിംഗ് അറിയിച്ചു. ഡല്‍ഹി നഗരത്തിലെ മാലിന്യങ്ങള്‍ പ്രധാനമായും ഗാസിപുര്‍, ഓഖ്‌ല, ഫാല്‍സ്വ എന്നിങ്ങനെ മൂന്നിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ മാലിന്യക്കൂമ്പാരങ്ങളുടെ സംഭരണശേഷി വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ അവസാനിച്ചവയാണ്.