ഗൗരിയുടെ മരണം: ബെന്‍സിഗര്‍ ആശുപത്രിയില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്തു

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സ നിഷേധിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഗൗരിയെ ആദ്യമെത്തിച്ച ബെന്‍സിഗര്‍ ആശുപത്രിയില്‍ നിന്നും രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടിക്ക് ഫലപ്രദമായ ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഗൗരിയെ ചികിത്സിച്ച ഡോക്ടര്‍ ജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. അതേസമയം, ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുള്ള അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് കുട്ടിയെ ബെന്‍സിഗര്‍ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പരവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടി മരണപ്പെട്ടു. അധ്യാപികരില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം. മാതാപിതാക്കളുടെ പരാതിയില്‍ സിന്ധു, ക്രെസന്റ് എന്നീ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണ്.