ഉമ്പായിയുടെ ഗസല്‍ നാദം ഇനി ഓര്‍മ്മകളില്‍; മുഖ്യമന്ത്രി അനുശോചിച്ചു

ഗസല്‍ ഗായകന്‍ അബു ഇബ്രാഹിം [ഉമ്പായി]യുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ സംഗീതസ്വാദകര്‍ക്കും കേരള സമൂഹത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകിട്ട് 4.40നായിരുന്നു ഉമ്പായി [68] അന്ത്യം. 1988ല്‍ ആദ്യ ഗസല്‍ പുറത്തിറക്കി. തുടര്‍ന്ന് ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറങ്ങി. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉംബായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉംബായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ‘അകലെ മൗനം പോലെ’. അതിന് ശേഷം ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉംബായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബമായിരുന്നു ‘പാടുക സൈഗാള്‍ പാടുക’ എന്നത്. ഉംബായി എം. ജയചന്ദ്രനുമായി ചേര്‍ന്ന് ‘നോവല്‍’ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്.