സുരേഷ് ഗോപിയുടെ മകനും നായകനിരയിലേക്ക്.

gokul-suresh
മമ്മൂട്ടിയുടേയും ജയറാമിന്റെയും മക്കള്‍ക്ക് പിന്നാലെ സുരേഷ് ഗോപിയുടെ മകനും നായകനിരയിലേക്ക്. ഫ്രൈഡെ ഫിലിംസ് നിര്‍മ്മിക്കുന്ന മുത്തുഗൗവ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാകുന്നത്.

വില്ലനായി രംഗത്തെത്തി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി ചുവടുറപ്പിച്ചതെങ്കിലും മകന്റെ വരവ് ഒരു പ്രണയചിത്രത്തിലൂടെയാണ്. വിജയ് ബാബുവാണ് ചിത്രത്തില്‍ ഗോകുലിന്റെ വില്ലന്‍. അദ്ദേഹവും സാന്ദ്രാ തോമസും ചേര്‍ന്നാണ് നിര്‍മ്മാണം. നവാഗതനായ വിപിന്‍ ദാസ് ആണ് സംവിധായകന്‍.

പുതുമുഖങ്ങളുടെ കൂട്ടായ്മയായ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ സിനിമയില്‍ ചുവടുവെച്ചത്. ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ദുല്‍ക്കറും കാളിദാസനും അഭിനേതാക്കളായപ്പോള്‍ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രണവ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് പിന്നിലാണ് ഇടം കണ്ടെത്തിയത്. ജിത്തുജോസഫിന്റെ സംവിധാന സഹായിയാണ് പ്രണവ്.