ഗൂഗിളിന്റെ പെയ്‌മെന്റ് ‘ടെസ്’ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ആഗോള സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ‘ടെസ്’ എന്ന പേരില്‍ പെയ്‌മെന്റ്‌സ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഫോണിലെ ക്യാഷ് മോഡ് ഓപ്ഷനുപയോഗിച്ച് രണ്ടു ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഫോണ്‍ നമ്പറോ നല്‍കേണ്ടതില്ല. 30 കോടി വരുന്ന ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ പണമിടപാടുകള്‍ നടത്താന്‍ ആപ്പ് സഹായകരമാകും. മറ്റ് പെയ്‌മെന്റ് ആപ്പുകളുമായും ഇത് ബന്ധിപ്പിക്കാം. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) സംവിധാനത്തിലൂടെ ഇന്ത്യയിലെ 55 ബാങ്കുകളുമായി ചേര്‍ന്ന് ടെസ് പ്രവര്‍ത്തിക്കും. ആപ്പിലെ ‘ടെസ് ഷീല്‍ഡ്’ എന്ന സുരക്ഷാ മാര്‍ഗത്തിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാനാകുമെന്ന് ഗൂഗിള്‍ അധികൃതര്‍ പറയുന്നു. വിയറ്റ്‌നാം, ഇന്‍ഡൊനീഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ആപ്പ് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.