ശിക്ഷാ ഇളവിനുള്ള സര്‍ക്കാര്‍ പട്ടികയില്‍ 11 ടി.പി കേസ് പ്രതികളും മുഹമ്മദ് നിഷാമും

ജയിൽപുള്ളികൾക്കുള്ള ശിക്ഷാ ഇളവിനായി സർക്കാർ നൽകിയ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള കൊടുംകുറ്റവാളികൾ. വിവരാവകാശ നിയമപ്രകാരം ജയിൽ വകുപ്പിൽനിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടിപി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാർ, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. സർക്കാർ നൽകിയ ഈ പട്ടിക ഗവർണർ പി.സദാശിവം തിരികെ അയക്കുകയായിരുന്നു.
ടിപി കേസ് പ്രതികളെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കല്ലുവാതുക്കൽ കേസിലെ മണിച്ചൻ, ഗുണ്ടാനേതാവ് ഒാംപ്രകാശ്, കാരണവർ വധക്കേസ് പ്രതി ഷെറിൻ എന്നിവരുടെ പേരും പട്ടികയിൽ ഉണ്ടായിരുന്നു. നിഷാമിനെ ജയിലിൽ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാൽ, സ്പെഷൽ റെമിഷനുള്ള ലിസ്റ്റ് സമർപ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും ജയിൽ വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. വിഷയം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.

സംഭവം വിവാദമായപ്പോൾ 14 വർഷം തടവു പൂർത്തിയാക്കുക എന്ന നിബന്ധന നിലനിൽക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പുറത്തുവിടാൻ എങ്ങനെ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. പട്ടികയിൽ ആരൊക്കെയുണ്ടെന്നു തനിക്ക് ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

തടവുകാരിൽ സൽസ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയിൽ എ‍‍ഡിജിപി അനിൽകാന്ത് കഴിഞ്ഞ നവംബറിൽ ശിക്ഷാ ഇളവിനു പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനു കൈമാറിയത്. സുപ്രീംകോടതി മാനദണ്ഡപ്രകാരം ഇവരിൽനിന്നു ‘യോഗ്യരായ’വരെ തിരഞ്ഞെടുക്കാൻ സർക്കാർ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാൽ, തടവുകാരെ സംബന്ധിച്ച കോടതിവിധികൾ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്.

പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവർണർക്കു ശുപാർശ കൈമാറി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയിൽ സംശയം മണത്തത്. ഇതോടെ ഫയലിൽ വിശദീകരണം തേടി ഗവർണർ തിരിച്ചയയ്ക്കുകയും ചെയ്തു.