നികുതിരഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമാക്കും; ബില്‍ പാസാക്കി

ഗ്രാറ്റുവിറ്റി പരിധി പത്ത് ലക്ഷമെന്ന നിബന്ധന ഒഴിവാക്കുന്ന ഗ്രാറ്റുവിറ്റി നിയമഭേദഗതി ലോക്സഭ പാസാക്കി. ഗ്രാറ്റുവിറ്റി പരിധിയില്‍ സമയാസമയം മാറ്റം വരുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ബില്‍. പ്രതിപക്ഷ എം.പിമാരുടെയും എന്‍.ഡി.എ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി അംഗങ്ങളുടെയും ബഹളത്തിനിടെയാണ് ഗ്രാറ്റുവിറ്റി നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാറാണ് ബില്‍ അവതരിപ്പിച്ചത്. സംഘടിത മേഖലയിലെ നികുതി രഹിത ഗ്രാറ്റുവിറ്റി 20 ലക്ഷമാക്കി ഉയര്‍ത്തി കേന്ദ്രം വിജ്ഞാപനം ഇറക്കുമെന്ന് ബില്‍ അവതരിപ്പിക്കവെ തൊഴില്‍മന്ത്രി വ്യക്തമാക്കി.

വനിതകള്‍ അടക്കമുള്ള ജീവനക്കാരെ സംബന്ധിച്ച സുപ്രധാന നിയമ ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ബില്ലിനുമേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. വിവിധ പാര്‍ട്ടികള്‍ തുടര്‍ച്ചയായി സഭ തടസപ്പെടുത്തുന്ന സാഹചര്യത്തില്‍ ചര്‍ച്ച അസാധ്യമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായി തടസപ്പെടുത്തുന്നതിനിടെയാണ് രണ്ട് ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, കാവേരി മാനേജ്മെന്റ് ബോര്‍ഡ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയത്. ടി.ഡി.പിയും ടി.ആര്‍.എസും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.