ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി വൈക്കം വിജയലക്ഷ്മി

തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഗായിക വൈക്കം വിജയലക്ഷ്മി. കൊച്ചിയില്‍ വെച്ചായിരുന്നു തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രി വീണയില്‍ വിജയലക്ഷ്മി ശ്രുതി മീട്ടിയത്.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം മൂന്ന് മണിക്ക് വീണാ പാരായണം അവസാനിക്കുമ്പോള്‍ 67 ഗാനങ്ങള്‍ വിജയലക്ഷ്മി വീണയില്‍ വായിച്ചിരുന്നു. ആദ്യത്തെ മൂന്ന് മണിക്കൂര്‍ ശാസ്ത്രിയ സംഗീതവും തുടര്‍ന്നുളള രണ്ട് മണിക്കൂറില്‍ സിനിമാഗാനങ്ങളുമാണ് വീണയില്‍ വിജയലക്ഷ്മി അവതരിപ്പിച്ചത്. തുടര്‍ന്ന് യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു.

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിജയലക്ഷ്മിക്ക് കൈമാറി. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ട്രോഫി സമ്മാനിച്ചു. കുട്ടിക്കാലത്ത് കളിപ്പാട്ട വീണയില്‍ ആരംഭിച്ച സംഗീത യാത്ര ഒറ്റക്കമ്പി വീണയിലേക്കും ഗായത്രി വീണയിലേക്കും വളരുകയായിരുന്നു.

ഗായത്രി വീണയില്‍ വിജയലക്ഷ്മി കച്ചേരി നടത്താന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഗായത്രി വീണയിലൂടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വൈക്കം വിജയലക്ഷ്മി പ്രതികരിച്ചു. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയലക്ഷമി 20ലധികം ഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞു. മികച്ച ഗായികയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു.

വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി.മുരളീധരന്റേയും പി.കെ വിമലയുടേയും മകളാണ് വിജയലക്ഷ്മി. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, മുന്‍മന്ത്രി ബിനോയ് വിശ്വം, ആചാര്യ ആനന്ദ് കൃഷ്ണ, അഡ്വ. ഹരിദാസ് എറവക്കാട് എന്നിവര്‍ക്ക് പുറമേ നിരവധി സംഗീത പ്രേമികളുു!ം ലോക റെക്കോര്‍ഡ് പ്രകടനത്തിന് സാക്ഷിയായുണ്ടായിരുന്നു.