കോണ്‍ഗ്രസ് ഗുജറാത്ത് ഭരിക്കുന്നത് കാണാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു.

ഗുജറാത്തിലെ പലന്‍പുരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പാകിസ്താനും കൈകോര്‍ക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് മോദി ഉയര്‍ത്തിയത്. തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ ആരോപണം. പാക്ക് സൈന്യത്തിലെ ഡയറക്ടര്‍ ജനറലായിരുന്ന സര്‍ദാര്‍ അര്‍ഷാദ് റഫീഖ്, അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചു.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ചില കൂടിയാലോചനകള്‍ നടന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. പാകിസ്താന്‍ സ്ഥാനപതിയും പാകിസ്താന്റെ മുന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവര്‍ കൂടിയാലോചന നടത്തിയെന്നും മോദി ആരോപിച്ചു. ഇതിനു തൊട്ടടുത്ത ദിവസമാണ് മണിശങ്കര്‍ അയ്യര്‍ എന്നെ നീചനെന്നു വിളിച്ചത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.

യോഗത്തില്‍ സര്‍ദാര്‍ അര്‍ഷാദ് റഫീഖ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഹമ്മദ് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു വശത്ത് പാക്ക് സൈന്യത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തുമ്പോള്‍, മറുവശത്ത് പാകിസ്താനില്‍ നിന്നുള്ളവര്‍ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ യോഗം സംഘടിപ്പിക്കുന്നു. മോദി പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഗുജറാത്തിലെ ജനങ്ങളും പിന്നാക്കവിഭാഗക്കാരും പാവപ്പെട്ടവരും മോദിയും അപമാനിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ സംശയമുയര്‍ത്തുന്നില്ലേയെന്നും മോദി ചോദിച്ചു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഡിസംബര്‍ 14ന് രണ്ടാംഘട്ട വോട്ടെടുപ്പു നടക്കാനിരിക്കെയാണ് പാകിസ്താനെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തുന്ന ആരോപണങ്ങളുമായി മോദിയുടെ രംഗപ്രവേശം.