ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 10 വര്‍ഷം കഠിനതടവ്; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദാ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന് 10 വര്‍ഷം തടവ്.  മൂന്ന് വ്യത്യസ്ത കേസുകളിലായി 65000 രൂപ പിഴയും അടയ്ക്കണം. അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.  സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി  ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ വെച്ച് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്.

പത്ത് വര്‍ഷം കഠിന തടവ് കുറഞ്ഞ് പോയെന്നും. പരമാവധി ശിക്ഷ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും പീഡനത്തിന് ഇരയായ യുവതി വ്യക്തമാക്കി. ഗുർമീതിന്റെ ഇരകളായി മറ്റു 45 പേർകൂടിയുണ്ടെന്നും ഭയത്താൽ അവരാരും മുന്നോട്ടുവരാൻ തയാറായിട്ടില്ലെന്നും മൂന്നു വർഷത്തോളമാണ് ഇവർ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ.

ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരണമെന്ന് അദ്ദേഹം കോടതിയോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചിരുന്നു.

കോടതി വിധിക്കു മുന്നോടിയായി ഡല്‍ഹിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളില്‍ ഞായര്‍ രാത്രി ഡല്‍ഹി പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും പൊലീസും ഉള്‍പ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണു റോത്തക് ജയില്‍ പരിസരം. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍കുമാര്‍ മുന്നറിയിപ്പു നല്‍കി.

ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ ഇതുവരെ 552 പേര്‍ അറസ്റ്റിലായി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച് അര ലക്ഷത്തോളം അനുയായികള്‍ സിര്‍സയില്‍ ദേര ആസ്ഥാനത്തു തുടരുകയാണ്. സിര്‍സയിലും പരിസരപ്രദേശങ്ങളിലും സൈന്യം ഇന്നലെ ഫ്‌ലാഗ് മാര്‍ച്ച് നടത്തി.