ഗുസ്തി മത്സരത്തിനിടയിലെ ഓട്ടമത്സരം

ഗുസ്തി മത്സരത്തില്‍ പിടികൊടുക്കാതിരിക്കാന്‍ വേണമെങ്കില്‍ ഓട്ടവും ആവാം. പെന്‍സില്‍വാനിയയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഗുസ്തിമത്സരത്തിലാണ് രസകരമായ ഒരു കാഴ്ചയുണ്ടായത്. മത്സരം സാധാരണ പോലെ തന്നെ കാണികളും കളിക്കാരുമായി മുന്നേറുകയാണ്. മത്സരത്തിനിടയിലുണ്ടായ തമാശയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

മത്സരത്തില്‍ പങ്കെടുത്ത കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. മത്സരത്തില്‍ പങ്കെടുത്തതോ നാല് വയസ്സുകാരനായ ഇസയ് ലൈന്‍ബെറിയും അഞ്ച് വയസ്സുകാരിയുമാണ്.എന്നാല്‍ മത്സരം ആരംഭിച്ചതോടെ നാല് വയസ്സുകാരനായ ഇസയുടെ ഭാവം മാറി.

ഗുസ്തിക്ക് പകരം വേണേല്‍ എന്നെ പിടിച്ചോളൂ എന്ന ഭാവത്തില്‍ ഇസയ് കോര്‍ട്ടിന് വലം വെച്ച് ഓടാന്‍ തുടങ്ങി. പിന്നാലെ ഇസയുമായി മത്സരിക്കുന്ന പെണ്‍കുട്ടിയും. അവസാനം നാലു വയസ്സുകാരനെ പിടിച്ച് ഗുസ്തിക്കായി തയാറാക്കി നിര്‍ത്തി.

ഒരു പഞ്ചോടെ തന്നെ അഞ്ചു വയസ്സുകാരി പെണ്‍കുട്ടി അവനെ മലര്‍ത്തിയടിച്ചു. എന്നാലുണ്ടോ ഇസയ് വിടുന്നു വേണേല്‍ എന്നെ ഓടിത്തോല്‍പ്പിച്ചോ എന്ന ഭാവത്തില്‍ വീണ്ടും ഓട്ടം തുടങ്ങി.