എച്ച് 1ബി വിസ നിബന്ധനകള്‍ കര്‍ശനമാക്കി

എച്ച്1 ബി വിസ നിയമത്തിലെ നിബന്ധനകള്‍ ഇന്നലെ മുതല്‍ യുഎസ് കര്‍ശനമാക്കി.ഇത്രയുംനാള്‍ യോഗ്യതയും താല്‍പ്പര്യവുമുള്ള യുഎസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികള്‍ പുറത്തുനിന്നുള്ളവരെ എടുത്തിരുന്നത്. യുഎസിലെ ഉയര്‍ന്ന വേതനച്ചെലവ് കണക്കിലെടുത്ത് കുറഞ്ഞ വേതനം നല്‍കേണ്ടുന്ന എച്ച് 1 ബി വിസയിലാണ് കമ്പനികള്‍ ജോലിക്ക് വിദേശത്തുനിന്ന് ആളെ എടുത്തിരുന്നത്. 2013ലെ കണക്ക് അനുസരിച്ച് എച്ച് 1 ബി വിസയില്‍ 4,60,000 പേരാണ് യുഎസില്‍ കഴിയുന്നത്.

യുഎസ് പൗരന്മാരുടെ ചെലവില്‍ വിദേശീയരെ സഹായിക്കുന്ന പരിപാടിയാണിതെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തെ എച്ച് 1 ബി വിസയുടെ നടപടിക്രമങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് കടുപ്പിച്ചത്.പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എച്ച് 1 ബി വിസ നിയമനം.