ഹര്‍ദിക് പട്ടേല്‍ നിരാഹാരസമരം അവസാനിപ്പിച്ചു

പട്ടേല്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ 19 ദിവസമായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, കര്‍ഷക വായ്പ തുടങ്ങി വിവിധ മേഖലകളില്‍ സമുദായത്തിന് പ്രത്യേക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

എന്നാല്‍ ഹര്‍ദികിന്റെ ആരോഗ്യം മോശമായതോടെ പടീദാര്‍ നേതാക്കള്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പടീദാര്‍ നേതാക്കളായ നരേഷ് പട്ടേലും സി.കെ പട്ടേലും നാരങ്ങാവെള്ളം നല്‍കിയാണ് ഹര്‍ദികിന്റെ നിരാഹാരസമരം അവസാനിപ്പിച്ചത്.

ആഗസ്റ്റ് 25 നാണ് സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ സമരം ആരംഭിച്ചത്. വിവിധ ബി.ജെ.പി നേതാക്കള്‍ക്കു പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ എന്നിവരും ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിച്ച് സമരമുഖത്തെത്തിയിരുന്നു.