വാട്ടർടാങ്കിനു ചുറ്റുമുള്ള കുഴികൾ മൂടുന്നത് മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിറഞ്ഞ വേയ്സ്റ്റ് കൊണ്ട്

ഹരിപ്പാട്: ഹരിപ്പാട് റവന്യൂ ടവർ നിർമ്മാണത്തിൽ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി സൂചനകള്‍ വ്യക്തമാക്കുന്നു. വാട്ടർ ടാങ്കിനു ചുറ്റുമുള്ള കുഴികൾ  മാലിന്യങ്ങളും  പ്ലാസ്റ്റിക്കും നിറഞ്ഞ വേയ്സ്റ്റ് കൊണ്ട് മൂടുന്നത് ബിജെപി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.

പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചപ്പോളുണ്ടായിരുന്ന ചരൽ ഉൾപ്പെടെയുള്ള മണ്ണ് തുച്ഛമായ വിലയ്ക്ക് വിറ്റിരുന്നു. മാലിന്യം നിറഞ്ഞ വെയ്സ്റ്റ് ഉപയോഗിച്ച് ഇപ്പോൾ കുഴികൾ മൂടാൻ ശ്രമിക്കുന്നത്  വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും. 30 ലക്ഷം രൂപയിൽ അധികം വില വരുന്ന മണ്ണാണ് രാത്രിയുടെ മറവിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിക്കൊണ്ടുപോയത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മണ്ണ് എടുത്ത സ്ഥലങ്ങളിൽ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളും , മാലിന്യങ്ങളും നിക്ഷേപിച്ച് മുകളിൽ നല്ല മണ്ണിട്ട് പരുവപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ റവന്യൂ ടവറിന്റെ ചുറ്റും നടന്നുവരുന്നത്. ഈ അഴിമതിക്ക് കൂട് നിൽക്കുന്ന കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒറ്റക്കെട്ടാണ് എന്ന് ബി ജെ പി ആരോപിച്ചു.