ഹാരിസണ്‍ കേസ്; നിയമനിര്‍മ്മാണം നടത്തണമെന്ന് കുമ്മനം

തിരുവനന്തപുരം : സര്‍ക്കാരിന് അവകാശപ്പെട്ട ഹാരിസണ്‍ കമ്പനിയുടെ ഭൂമി വീണ്ടെടുക്കുന്നതിന് അടിയന്തിര നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കുകയോ ചെയ്ത് പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശാധികാരം ഉറപ്പാക്കണം. അതിന് ഉടനെ കഴിയുന്നില്ലെങ്കില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒട്ടും വൈകരുത്.

കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. രേഖകള്‍ യഥാസമയം ഹാജരാക്കാനോ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല. പൊന്തന്‍പുഴ വനത്തിന്റെ കേസില്‍ സംഭവിച്ച അതേ പാളിച്ചകളും കൃത്യവിലോപവും ഹാരിസണ്‍ കേസിലുമുണ്ടായി. ഭൂമിക്കേസുകളില്‍ സര്‍ക്കാര്‍ അടിക്കടി തോല്‍ക്കുന്നതും തിരിച്ചടികള്‍ ഉണ്ടാകുന്നതും ജനകീയ താല്‍പ്പര്യങ്ങളെ വളരെ ഹാനികരമായി ബാധിക്കും.

സുശീലാ ഭട്ടിനെ സര്‍ക്കാര്‍ അഭിഭാഷക സ്ഥാനത്ത് നിന്നും നീക്കിയത് മുതല്‍ ഭൂമിക്കേസുകളില്‍ സര്‍ക്കാര്‍ തോല്‍വി ചോദിച്ചു വാങ്ങുന്ന പരിതാപകരമായ അവസ്ഥാവിശേഷമാണ് ഉണ്ടാകുന്നത്. ആന്ധ്രയില്‍ സമാനമായ ഭൂമി കേസുകളില്‍ അവിടുത്തെ സര്‍ക്കാര്‍ വിജയം വരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നു. നാലര ലക്ഷം ഭൂരഹിതര്‍ തല ചായ്ക്കാനിടമില്ലാതെ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിന് അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ കൈവശപ്പെടുത്തി സ്വന്തമാക്കി വെക്കുന്നത് ഒട്ടും ന്യായീകരിക്കത്തക്കതല്ല.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിന്റെ മാനേജ്‌മെന്റുകളെ സംരക്ഷിക്കാന്‍ ബില്‍ പാസാക്കിയ സര്‍ക്കാര്‍ ഭൂരഹിതരുടെ നാടായ കേരളത്തില്‍ ഭൂമിക്കേസുകളില്‍ ക്രിയാത്മക നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഈ ജനവിരുദ്ധ നിലപാടിനെ തുറന്ന് കാണിക്കുവാന്‍ ബിജെപി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.