തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ തുടങ്ങി

ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വാഹനഗതാഗതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. ബസുകളും ടാക്സികളും ഉൾപ്പടെ ഓടുന്നുണ്ട്. എന്നാൽ കടകൾ അടഞ്ഞുകിടക്കുകയാണ്. അതേസമയം, എൽ.ഡി.എഫ് കഴക്കൂട്ടത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്.

നഗരവികസന മാസ്റ്റര്‍ പ്ലാനിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴക്കൂട്ടത്ത് കഴിഞ്ഞദിവസം സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. സി.ഐക്കും ഇരുവിഭാഗങ്ങളിലും പെട്ടവര്‍ക്കുമടക്കം 20 ഓളം പേര്‍ക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ജില്ലാ കമ്മിറ്റി തിരുവനന്തപുരം ജില്ലയിലും എല്‍.ഡി.എഫ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി  കഴക്കൂട്ടത്തും ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കഴക്കൂട്ടം മാസ്റ്റര്‍ പ്ളാനിനെതിരെ  എല്‍.ഡി.എഫ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നിരുന്നു. വൈകീട്ടോടെ ബി.ജെ.പി പ്രവര്‍ത്തകരും കാട്ടായിക്കോണത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് കോലം കത്തിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ മേയറുടെ കോലം കത്തിക്കുകയാണെന്നാരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായത്തെിയത് വാക്കേറ്റത്തിനും കൈയാങ്കളിക്കും തുടര്‍ന്ന് സംഘര്‍ഷത്തിനും വഴിമാറുകയായിരുന്നു. ഏഴരയോടെ കാട്ടായിക്കോണത്തിന് തെരുവുയുദ്ധത്തിന് സമാനമായ സാഹചര്യമായിരുന്നു. വന്‍ പൊലീസ് സന്നാഹമത്തെിയിട്ടും സംഘര്‍ഷത്തിന് കുറവ് വന്നില്ല. ഇരുകൂട്ടരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇരുവിഭാഗങ്ങളെയും വിരട്ടിയോടിച്ചെങ്കിലും പ്രവര്‍ത്തകര്‍ കല്ളേറ് തുടര്‍ന്നു. ഇതിനിടെയാണ് സി.ഐ അനില്‍കുമാറിന് പരിക്കേറ്റത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ എസ്.എ.പി ക്യാമ്പിലെ ഷിബുവിന്(29)   തലക്ക് ഗുരുതര പരിക്കേറ്റു.  നിരവധി പൊലീസുകാര്‍ക്കും പരിക്കുണ്ട്.