പയ്യന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. രാമന്തരി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകനും അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റ് മരിച്ചത്.

ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധനരാജ് (36) കൊല്ലപ്പെട്ടത്. ബെക്കില്‍ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്ക് കയറുന്നതിനിടെ മൂന്നു ബൈക്കുകളില്‍ എത്തിയ മുഖംമൂടി ധരിച്ച സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.നാട്ടുകാര്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

ഇതിന് തുടര്‍ച്ചയായി അര്‍ധരാത്രിക്ക് ശേഷം ഒരു മണിയോടെ ബിഎംഎസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രനും(46) വെട്ടേറ്റ് മരിച്ചു. വീട്ടില്‍ വച്ചാണ് രാമചന്ദ്രന് കുത്തേറ്റത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ മന്ദ്യത്ത് കൃഷ്ണന്റെയും തൂളേരി വീട്ടില്‍ മാധവിയുടെയും മകനാണ് ധനരാജ്. സജിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: മണി, നളിനി. മൃതദേഹം ഇന്നു 11.30ന് പയ്യന്നൂരും പിന്നീട് കാരന്താട്ടും പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം ഇന്ന് ഒരു മണിക്ക്. ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.

രജനിയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ ഭാര്യ. മക്കള്‍: ദേവാംഗന, ദേവദത്തന്‍. സഹോദരങ്ങള്‍: ശാരദ, കുഞ്ഞിപ്പാര്‍വതി, രാമകൃഷ്ണന്‍, പരേതയായ പത്മിനി. സിപിഐഎം പ്രവര്‍ത്തകരാണ് രാമചന്ദ്രന്റെ കൊലപാതകത്തിനു പിന്നിലെന്നും രാത്രി വൈകി കാരയില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി.രാജേഷ്‌കുമാര്‍, കോറോത്ത് ബിഎംഎസ് പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ അക്രമം നടന്നതായും ബിജെപി നേതൃത്വം ആരോപിച്ചു.