ഞങ്ങളുണ്ട് ഒപ്പം: അഫ്ഗാനിന്റെ സുരക്ഷ ഇന്ത്യയുടെ ഉത്തരവാദിത്തമെന്ന് പ്രധാനമന്ത്രി

അഫ്ഗാനിസ്താന്റെ വികസനത്തിലും അഫ്ഗാനിസ്ഥാനെയും അവിടുത്തെ ജനങ്ങളേയും പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും ആണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഭീകരവാദം എവിടെയും വളരാന്‍ ഇന്ത്യ അനുവദിക്കില്ല. അഫ്ഗാന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരവാദത്തിനെതിരെ മാത്രമല്ല അതിനെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണം.

അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സമ്മേളനം. ഭീതി പരത്തുന്ന രക്തരൂക്ഷിതമായ ഭീകരവാദത്തെ കൂട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. ഭീകരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കാതെ നിശബ്ദരായിരിക്കുന്നത് ഭീകരരേയും അവരുടെ നേതാക്കളെയും കരുത്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഭീകരവാദം തടയേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ എപ്പോളും മുന്‍പില്‍ തന്നെ ഉണ്ട്. അഫ്ഗാനുമായും മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ശക്തമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അഫ്ഗാനിലെ സഹോദരിസഹോദരന്‍മാരോട് ഇന്ത്യയ്ക്കുള്ളത് നിരുപാധികവും അചഞ്ചലവുമായ ഉത്തരവാദിത്തമാണ്. അഫ്ഗാന്റെ വികസനത്തിനായുള്ള സഹായം വര്‍ധിപ്പിക്കും. അഫ്ഗാനുമായി എയര്‍ കാര്‍ഗോ കോര്‍റിഡോര്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.