11 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കലിതുള്ളിയ പേമാരിയെ നേരിടാന്‍ യുദ്ധസമാന മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.

രണ്ടു ദിവസത്തെ അത്ശക്തമായ മഴയില്‍ സംസ്ഥാനത്ത് മരണം 27 ആയി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.

മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ചാലുകളുടെ അരികിലും മരങ്ങള്‍ക്ക് താഴെയും വാഹനം പാര്‍ക്ക് ചെയാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാണ അഥോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.