തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 17ലേക്കു മാറ്റിവച്ചു. അന്നേദിവസം ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ രണ്ടിന് ആരംഭിക്കും. രാവിലത്തെ സമയത്തിനു മാറ്റമുണ്ടായിരിക്കുന്നതല്ല. വീണ്ടും കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി, ആലപ്പുഴ,കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13-വരെ റെഡ് അലര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും 14 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.