ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി

ഹോക്കി പുരുഷവിഭാഗത്തിലും വനിത വിഭാഗത്തിലും ഇന്ത്യക്ക് തോല്‍വി. പുരുഷവിഭാഗം ഹോക്കിയില്‍ ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യക്ക് തോല്‍വി.ഹൂട്ടറിന് (ഫൈനല്‍ വിസില്‍) സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ നേടിയ തകര്‍പ്പന്‍ ഫീല്‍ഡ്‌ഗോളില്‍ 2-1നാണ് ജര്‍മനി ഇന്ത്യയെ മറികടന്നത്. അവസാന മിനിറ്റില്‍ ക്രിസ്റ്റഫര്‍ റുഹ്‌റിയാണ് ജര്‍മ്മനിക്കായി വിജയഗോള്‍ നേടിയത്.

മത്സരത്തില്‍ ആദ്യഗോള്‍ ജര്‍മ്മനിക്കായിരുന്നു. 18ആം മിനിറ്റില്‍ വെല്ലെന്‍ നിക്കള്‍സാണ് ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. എന്നാല്‍ 23ആം മിനിറ്റില്‍ രൂപീന്ദര്‍ പാല്‍ സിങ്ങിലൂടെ ഇന്ത്യ സമനില ഗോള്‍ നേടി. ജര്‍മ്മനിക്കെതിരെ കടുത്ത ആക്രമണം ഇന്ത്യ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല.

കളിയില്‍ മേധാവിത്വം പുലര്‍ത്തുകയും പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കുന്നതില്‍ ഒരിക്കല്‍കൂടി മികവ് കാണിക്കുകയും ചെയ്തിട്ടും ഫീല്‍ഡ്‌ഗോളുകള്‍ കണ്ടത്തെുന്നതിലെ പരാജയവും അവസാനനിമിഷത്തിലെ ജാഗ്രതക്കുറവുമാണ് ശ്രീജേഷിന്റെയും സംഘത്തിന്റെയും തോല്‍വിക്ക് കാരണമായത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ജയിച്ചിരുന്ന ഇന്ത്യക്ക് ഇതോടെ ഗ്രൂപ് ബിയില്‍ രണ്ടു കളികളില്‍ മൂന്നു പോയന്റായി. അടുത്ത മൂന്നു കളികളില്‍ രണ്ടെണ്ണത്തിലെങ്കിലും മികവ് കാണിച്ചാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാം. ആറു ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് ആദ്യ നാലു സ്ഥാനക്കാര്‍ മുന്നേറും.