ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കോട്ടയം ജില്ലയില്‍ നിയന്ത്രിത അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രിത അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല. വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.