ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം: ആശുപത്രി അടച്ചു പൂട്ടുമെന്ന് മാനേജ്‌മെന്റ്

 ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നഴ്‌സുമാരും രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിയില്‍ അക്രമം നടത്തികയാണെന്നാണ്  മാനെജമെന്റ് ആരോപിക്കുന്നത്. നിലവില്‍ ഉള്ള രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തു പോകുന്ന മുറക്ക് നിയമവിധേയമായി ആശുപത്രി അടച്ചു പൂട്ടാന്‍ ആണ് തീരുമാനമെന്ന് കെ വി എം ആശുപത്രി അധികൃതര്‍ ഫോണില്‍ ഡി എന്‍ ന്യൂസിനോട് പ്രതികരിച്ചു.

വേതനവര്‍ധനവ് ആവശ്യപ്പെട്ട് നേഴ്‌സ്മാരുടെ സമരം 60 ദിവസമായി തുടരുകയാണ്. യുഎന്‍എയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. സമരം ചെയ്ത രണ്ടു നേഴ്‌സുമാതെ ആശുപത്രിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും സമരം ചെയ്യുന്ന നേഴ്‌സുമാര്‍ ആവശ്യപ്പെട്ടു.

2 ജീവനക്കാരെ പിരിച്ചു വിട്ടതാണ് എന്നത് സത്യമല്ല എന്നും , പ്രവര്‍ത്തന മികവു പുലര്‍ത്താത്ത കാരണത്താല്‍ ഇവരുമായുള്ള കരാര്‍ പുതുക്കാതിരിക്കുകയാണ് ചെയ്തത് എന്നും മാനേജ്മെന്റ് പറയുന്നു. സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സമരത്തിന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച് എത്തിയതില്‍ പിന്നെ ആശുപത്രിയില്‍ അക്രമം നടക്കുന്നതായാണ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.

യുഎന്‍എ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നഴ്‌സുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ്  കഴിഞ്ഞ ഓഗസ്റ്റ്‌ 21 ന് കെ വി എം  ആശുപത്രിയില്‍ നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങിയത്. മന്ത്രിമാരുമായി ട്രാവന്‍കൂര്‍ പാലസില്‍ ഇന്നലെ നടത്തിയ ചര്‍ച്ചക്ക് ശേഷം ,വൈകുന്നേരം 6 മണിയോടെ പുറത്തു വന്ന തങ്ങളുടെ ലീഗല്‍ ഓഫീസറെ ഗുണ്ടകള്‍ ആക്രമിച്ചുവെന്നും ,  മാനെജ്‌മെന്റ് പറയുന്നു.