അമേരിക്കയെ ഭയപ്പെടുത്തി ‘ഫ്ലോറന്‍സ്’ കൊടുങ്കാറ്റ്; പരമാവധി വേഗം മണിക്കൂറില്‍ 105 കിലോമീറ്റര്‍, ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

അമേരിക്കയെ ഭയപ്പെടുത്തി ഫ്ളോറന്‍സ് കൊടുങ്കാറ്റ്. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കിയാണ് കൊടുങ്കാറ്റ് നീങ്ങുന്നത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഫ്ലോറന്‍സിനെ നേരിടാന്‍ ഭരണകൂടം ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കിഴക്കന്‍ മേഖലയില്‍ 27 വര്‍ഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. ഫ്‌ളോറന്‍സ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോലിന, വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റഗറി-നാലിലുള്ള ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുമെന്നും കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

1989ല്‍ നോര്‍ത്ത് കരോലിനയില്‍ കാറ്റഗറി-നാലില്‍ പെട്ട കൊടുങ്കാറ്റ് വീശിയിരുന്നു. അന്ന് 49 പേരുടെ ജീവനാണ് കൊടുങ്കാറ്റില്‍ നഷ്ടമായത്. വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള അതിശക്തമായ ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.