ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: യാസിന്‍ ഭട്കല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് വധശിക്ഷ

ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് പേര്‍ക്കു വധശിക്ഷ. അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു ഡല്‍ഹിയിലെ എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2013 ഫെബ്രുവരി 21 നാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. 19 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 130 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

അറസ്റ്റിലായ അഞ്ചുപേരുടെയും കേസ് കഴിഞ്ഞ ഒരുവര്‍ഷമായി ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നടന്നുവരികയായിരുന്നു. കേസിനായി എന്‍.ഐ.എ. 158 സാക്ഷികളെയും 201 സ്‌ഫോടനവസ്തുക്കളുടെ ഭാഗങ്ങളും 500 രേഖകളും ഹാജരാക്കിയിരുന്നു.

സ്‌ഫോടനം നടന്ന് ആറുമാസത്തിനകം തന്നെ സൂത്രധാരന്മാരായ യാസിന്‍ ഭട്കല്‍, അസാദുല്ല അക്തര്‍, സിയാ ഉര്‍ റഹ്മാന്‍, അജാസ് ഷെയ്ഖ് എന്നിവരെ പിടികൂടിയിരുന്നു.