രാഹുല്‍ഗാന്ധി വിചാരണ നേരിടണം

ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ രാഹുല്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് ജൂലൈ 19ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. മാപ്പു പറയില്ലെന്ന് രാഹുല്‍ അറിയിച്ചതോടെ മുംബൈ കോടതിയില്‍ രാഹുല്‍ഗാന്ധിക്കെതിരായ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങും.

ഗാന്ധി ഖാതകനായ നാഥുറാം ഗോഡ്‌സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയാണ് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞതെന്നും അതു താനും ആവര്‍ത്തിച്ചതാണെന്നുമാണ് രാഹുല്‍ഗാന്ധിയുടെ പുതിയ നിലപാട്.

കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. രാഹുല്‍ മാപ്പു പറയാതെ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹര്‍ജിക്കാരന്‍.2014 മാര്‍ച്ചില്‍ താനെയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ വിവാദ പ്രസംഗം നടത്തിയത്.