ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ പെരിയാറില്‍ ജലപ്രളയം. ഉച്ചയ്ക്ക് 1.45 നാണ് അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്.

ഓരോ നിമിഷവും ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത് നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ്. വെള്ളത്തിന്റെ അളവ് ഏഴു ലക്ഷമാക്കാനാണ് കെഎസ്ഇബി ഇപ്പോള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി സാഹചര്യത്തിലാണ് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആളുകള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകള്‍ക്ക് അരികിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കുന്നതാണ് റെഡ് അലേര്‍ട്ട്.

മഴ ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലായി 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കണക്കിലെടുത്താണ് ഇത്രയധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്നത്.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുകേഷും ജഗദീഷും ചേര്‍ന്നാണ് പിണറായി വിജയന് ചെക്ക് കൈമാറിയത്.