കമ്പകക്കാനം കൂട്ടക്കൊല കേസ്; പ്രധാന പ്രതികളില്‍ ഒരാള്‍ പിടിയില്‍

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഇന്ന് പിടിയിലായ രണ്ടു പേരില്‍ ഒരാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് സൂചന.

ഇടുക്കി സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. രണ്ടാമന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കേസില്‍ കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേര്‍ക്കും കൊല്ലപ്പെട്ട കൃഷ്ണനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നും പൊലീസിന് സൂചന ലഭിച്ചു.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.