ക്ലാഷിന് സുവര്‍ണ്ണ ചകോരം; മാന്‍ഹോളിന് രണ്ട് പുരസ്‌കാരങ്ങള്‍

കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്‌ത ക്ലാഷ് എന്ന ഈജിപ്ഷ്യൻ ചിത്രത്തിന്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയർ ഒബ്സ് ക്വുർ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. നിശാഗന്ധിയിൽ നടന്ന വര്‍ണാഭമായ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ജൂറി ചെയര്‍മാന്‍ മിഷേൽ ഖലീഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.15 ലക്ഷം രൂപയാണ് സുവര്‍ണചകോരത്തിനുള്ള പുരസ്‌കാരത്തുക.

മികച്ച സംവിധായകനുള്ള രജതചകോരത്തിന് നാലു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരം ‘മാൻഹോൾ’ സംവിധാനം ചെയ്ത വിധു വിൻസെന്റിന് സമ്മാനിച്ചു. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക.

ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോൽസാഹനത്തിന് നെറ്റ്‌വർക്ക് ഫോർ ദ് പ്രമോഷൻ ഓഫ് ഏഷ്യൻ ഫിലിം സെന്റർ(നെറ്റ്പാക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മുസ്തഫ കാര സംവിധാനം ചെയ്ത കോൾഡ് ഓഫ് കലന്തർ കരസ്ഥമാക്കി.

മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് രാജീവ് രവി സംവിധാനം ചെയ്‌ത ‘കമ്മട്ടിപ്പാട’ത്തിനാണ്. മൽസരവിഭാഗത്തിൽ മേളയിലെ പ്രതിനിധികളുടെ വോട്ടിങ്ങിൽ മുന്നിലെത്തി പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിനുള്ള പുരസ്കാരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്‌ത ക്ലാഷ് നേടി. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മൽസരവിഭാഗ ചിത്രം ജാക്ക് സാഗ സംവിധാനം ചെയ്ത ‘വെയർ ഹൗസ്ഡി’നാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിധു വിൻസെന്റ് വിധാനം ചെയ്ത മാൻഹോൾ നേടി.

മേളയിൽ മികച്ച പ്രദർശന സൗകര്യമൊരുക്കിയതിന്റെ എസ്തറ്റിക് അവാര്‍ഡ് കൈരളി – കെഎസ്എഫ്ഡിസി തിയറ്റർ നേടി. മികച്ച സാങ്കേതിക സൗകര്യത്തിന് തിയറ്ററുകൾക്ക് ഏർപ്പെടുത്തിയ ടെക്‌നിക്കല്‍ അവാര്‍ഡ് ശ്രീപത്മനാഭ തിയറ്ററിനു ലഭിച്ചു.