ഓസീസ് ബാറ്റിങ്ങിന് മുന്‍പില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സിന് പുറത്ത്. ആറു വിക്കറ്റ് വീഴ്ത്തിയ ഓ കീഫ്‌ന്റെ മികവിലാണ് പൂനെയില്‍ ഓസ്‌ട്രേലിയ ആധിപത്യം സ്ഥാപിച്ചത്. ഓസീസിനെ 260 ന് പുറത്താക്കി മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ വലയില്‍ തന്നെ വീഴ്ത്തിയാണ് ഓസീസ് തിരിച്ചടിച്ചത്. 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒകീഫ് ഇന്ത്യന്‍ മണ്ണിലെ തുടക്കം അവിസ്മരണീയമാക്കുകയിരുന്നു.

വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര എന്നിവരെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച പിന്തുണയും ഒകീഫിന് നല്‍കി. 64 റണ്‍സ് നേടിയ ഓപ്പണര്‍ കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 13 റണ്‍സെടുത്ത അജിങ്ക രാഹനെയാണ് അടുത്തത്. നാലു പേര്‍ തുടര്‍ച്ചയായി പുറത്തായത് പുണെ സ്‌റ്റേഡിയത്തിലെ കാണികളെ ശരിക്കും ഞെട്ടിച്ചു. വൃദ്ധിമാന്‍ സാഹയ്ക്കും ക്യാപ്റ്റന്‍ കോഹ്ലിക്കും അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. പൂജാര ആറ് റണ്‍സിലും അശ്വിന്‍ ഒരു റണ്ണിലും ജഡേജ രണ്ടു റണ്‍സിലും പവലിയനില്‍ തിരിച്ചെത്തി. നേരത്തെ 256/9 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 260 റണ്‍സില്‍ അവസാനിച്ചു. 61 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ അശ്വിന്‍ വീഴ്ത്തിയതോടെയാണ് ഓസീസ് ഇന്നിംഗ്‌സിന് അവസാനമായത്.