ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടണ്ട

ഇന്ത്യയുടെ അഭ്യന്തര കാര്യത്തില്‍ ഇടപെടുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയെ പാഠം പഠിപ്പിക്കുകന്നത് അവസാനിപ്പിക്കണമെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ സന്ദേശത്തിന് മറുപടിയായി പ്രസാദ് തിരിച്ചടിച്ചു.ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാകിസ്താനെ വലിച്ചിഴക്കേണ്ടെന്നും അവരവരുടെ ശക്തികൊണ്ട് വിജയം നേടണമെന്നും പാക് വിദേശകാര്യവക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ ട്വിറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പാക് സൈനീകമേധാവി ട്വീറ്റ് ചെയ്തുവെന്ന് ഗുജറാത്തിലെ ബണസ്‌കന്ദ യില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി ആരോപിച്ചിരുന്നു. ഇതാണ് പാകിസ്താനെ ചൊടുപ്പിച്ചത്.

‘ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് പാകിസ്താനാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള കൈകടത്തലുകളെ തങ്ങള്‍ അറപ്പോടെയാണ് കാണുന്നതെന്ന് അതിനാല്‍ തങ്ങളെ പാഠം പഠിപ്പിക്കാന്‍ ശ്രമിക്കരുത്, ഇവിടുത്തെ ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്’. രവിശങ്കര്‍ പ്രസാദ് പറയുന്നു.