ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ വിജയം: 168 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തക‍ർത്തുകളഞ്ഞത്

നാലാം ഏകദിനത്തില്‍ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിംങ് നിര 42.4 ഓവറില്‍ ദാരുണമായി തകര്‍ന്നടിഞ്ഞു. 168 റണ്‍സിനാണ് ലങ്കയുടെ പരാജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെ ഏകദിനം ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മനീഷ് പാണ്ഡെയുടെയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും കൂട്ടുക്കെട്ട് കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യക്ക് കരുത്തേകി. പാണ്ഡേ അര്‍ധ സെഞ്ചറി കരസ്ഥമാക്കിയപ്പോള്‍ 76 പന്തുകളില്‍ നിന്ന് 49 റണ്‍സ് നേടി ധോണി തിളങ്ങി. ശ്രീലങ്കയ്ക്കെതിരെ എതിരാളികള്‍ പടുത്തുയര്‍ത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഏഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കന്‍ നിരയില്‍ 50 കടന്നത്. 70 റണ്‍സെടുത്ത മാത്യൂസിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. ജസ്പ്രീത് ഭുംറ, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം നേടി.