ഇന്ത്യ-വിന്‍ഡീസ് ഏകദിനമത്സരത്തിന് തിരുവനന്തപുരം വേദിയാകും; മത്സരം കേരളപ്പിറവി ദിനത്തില്‍

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് നടക്കും. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരമാണ് ഇവിടെ നടത്തുകയെന്നായിരുന്നു അറിയിപ്പെങ്കിലും പുതിയ അറിയിപ്പനുസരിച്ച് അഞ്ചാമത്തെ മല്‍സരമാണ് തിരുവനന്തപുരത്തു നടക്കുക.

നേരത്തെ കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരമാണ് ഫുട്‌ബോള്‍ ലോകത്ത് നിന്നും ഏറെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോള്‍ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. കോര്‍പറേറ്റ് ബോക്‌സുകളുടെ നിര്‍മാണവും ഗാലറിയിലെ ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.