ഇന്ത്യയുടെ ഈദ് ഉപഹാരം പാക്കിസ്ഥാൻ നിരസിച്ചു.

ind pak 1
ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുടെ സഹകരണങ്ങള്‍ക്ക് വെല്ലുവിളിയായി അതിർത്തിയിലെ സംഘർഷങ്ങൾ.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഭവവികാസങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്.വാഗാ അതിർത്തിയിൽ ഇന്ത്യൻ സേന നൽകിയ ഈദ് ഉപഹാരങ്ങൾ പാക്ക് സൈന്യം നിരസിച്ചു.12 ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് പാക്കിസ്ഥാൻ വീസ നിഷേധിക്കുകയും ചെയ്തു.പ്രശ്നപരിഹാരത്തിന് ഇന്ത്യ മുന്നോട്ടുവന്നാൽ സഹകരിക്കാമെന്ന് പാക്ക് ഹൈക്കമ്മീഷൻ അബ്ദുൾ ബാസിത് അറിയിച്ചു.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര അതിർത്തിയിലും ലൈൻ ഓഫ് കൺട്രോളിലും വ്യാപക ആക്രമണം നടന്നിരുന്നു.അതിർത്തിയിലെ ഗ്രാമങ്ങൾക്കു നേരെയും വെടിവയ്പ് ഉണ്ടായി.ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും അകൽച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ 56 മണിക്കൂറിനുള്ളില്‍ അ‍ഞ്ചു തവണ പാക് റേഞ്ചേഴ്സ് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തു. കശ്മീരിലെ രജൗറി ജില്ലയിലെ നൗഷേറ സെക്ടറിലാണ് ആക്രമണമുണ്ടായത്.പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചും പാക് സൈന്യം ഇവിടെ ആക്രമണം തുടരുകയാണ്.