ബലൂച്ചിസ്ഥാൻ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഇന്ത്യ

കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള രാജ്യാന്തര വേദികളില്‍ ഉന്നയിക്കുന്നത് പതിവാക്കിയ പാക്കിസ്ഥാന് ബലൂച്ചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അതേ വേദിയിൽ ഉന്നയിച്ച് ഇന്ത്യയുടെ മറുപടി.

മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നതിനുമുൻപ് സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാക്കിസ്ഥാൻ ആദ്യം ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി അജിത് കുമാർ ചൂണ്ടിക്കാട്ടി.

unhcr

സ്വന്തം രാജ്യത്തിലേയും പാക്ക് അധിനിവേശ കശ്മീരിലേയും ക്രമസമാധാന പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഹരിക്കുന്നതിനായിട്ടാണ് പാക്കിസ്ഥാൻ അവരുടെ ഊർജം ചെലവഴിക്കേണ്ടതെന്നും ഇന്ത്യ ഓർമിപ്പിച്ചു.

അതിർത്തി വഴി കശ്മീരിലേക്ക് ഭീകരരെ കയറ്റിഅയയ്ക്കുകയാണ് പാക്കിസ്ഥാനെന്നും അദ്ദേഹം ആരോപിച്ചു.അവർ കശ്മീരിലെ ജനങ്ങളുമായി സമ്പർക്കം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതു തടയാനാണ് കശ്മീരിൽ ഇന്ത്യ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അജിത് കുമാർ വിശദീകരിച്ചു.

ബലൂച്ചിസ്ഥാനിൽ മനുഷ്യാവകാശങ്ങളെ മാനിക്കാൻ പാക്ക് ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ യുഎൻ മനുഷ്യാവകാശ സമിതിയുടെ 33-ാം സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ബലൂച്ചിസ്ഥാനേക്കുറിച്ചോ കശ്മീരിനേക്കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക്ക് പ്രതിനിധിയുടെ മറുപടി.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീർ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീർ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്നതാണ്.

ഏകാധിപത്യ പ്രവണതകളും ജനാധിപത്യ മൂല്യങ്ങളുടെ ശോഷണവും ബലൂച്ചിസ്ഥാനിലുൾപ്പെടെ രാജ്യവ്യാപകമായുള്ള മനുഷ്യാവകാശ ലംഘനങ്ങളുമാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി.