രാജസ്ഥാനിലും ഗുജറാത്തിലും നേടിയ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്ന സൂചന: സോണിയ

രാജസ്ഥാനിലും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. അനവധി പ്രതിബന്ധങ്ങളുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കര്‍ണാടകയിലും കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിലാണ് സോണിയയുടെ പ്രതികരണം. നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലുവര്‍ഷമാകുന്നു. പാര്‍ലമെന്റിനും നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ് ഇതുവരെയുണ്ടായത്. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റെയും നേതാവാണ്. നിങ്ങള്‍ എന്നോട് കാണിച്ച അതേ വിശ്വസ്തതയോടും ഊര്‍ജ്ജ സ്വലതയോടുംകൂടി രാഹുലിനൊപ്പവും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സോണിയ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് നടത്താന്‍ സോണിയ എംപിമാരോട് ആവശ്യപ്പെട്ടതായാണ് സൂചന. 19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് സോണിയ സ്ഥാനമൊഴിഞ്ഞത്. രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചുവടുമാറ്റത്തിനും ഇത് വഴിയൊരുക്കി.