ഇന്ത്യ-റഷ്യ സൈനിക ബന്ധം ശക്തിപ്പെടുന്നു!!

ന്യൂഡല്‍ഹി: 1962ലെ ഇന്ത്യ-ചൈന യുദ്ധം നടന്നതിന്റെ പശ്ചാത്തലത്തില്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, അമേരിക്കയാണ് അന്ന് ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഇക്കാര്യത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയത്. ആ സംഭവമൊഴിച്ചാല്‍ മോസ്‌ക്കോ എല്ലായിപ്പോഴും ഡല്‍ഹിയ്ക്ക് വേണ്ടി സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സാങ്കേതിക രംഗത്തും വലിയ സംഭാവനകള്‍ റഷ്യയും നല്‍കുന്നുണ്ട്.

1961ല്‍ മിഗ്-21 എയര്‍ക്രാഫ്റ്റ് ഇന്ത്യയ്ക്ക് നല്‍കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിച്ചു. 1958ലാണ് സോവിയറ്റ് വ്യോമസേനയുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമാകുന്നത്. ആദ്യമായി സോവിയറ്റ് സേവനം ലഭിക്കുന്ന രാജ്യവും ഇന്ത്യയാണ്. മിഗ്-21 ഉല്‍പ്പാദിപ്പിക്കാന്‍ ലൈസന്‍സും അന്ന് ഇന്ത്യ നേടിയെടുത്തു. 62ലെ യുദ്ധത്തില്‍ മൂന്ന് യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. അമേരിക്കയുടെ എഫ്-104 ആയിരുന്നു അതില്‍ പ്രധാനപ്പെട്ടത്.

1961ല്‍ അമേരിക്ക പാക്കിസ്ഥാന് എഫ്-104 നല്‍കിയിരുന്നു. 63ലാണ് മിഗ്-21 ന്റെ ആറെണ്ണം ഇന്ത്യയിലെത്തുന്നത്. അമേരിക്കയുമായുള്ള ഫൈറ്റര്‍ കരാറിന്റെ കാലതാമസം കൊണ്ടായിരുന്നു റഷ്യയുമായുണ്ടാക്കിയ കരാര്‍ പ്രകാരമുള്ളവ എത്താന്‍ വൈകിയത്. എന്നാല്‍ മിഗ്-21 ഇന്ത്യ-റഷ്യ ബന്ധത്തിലെ വലിയ നാഴികക്കല്ലായി. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒപ്പുവച്ച എസ്-400 കരാര്‍. കാറ്റ്‌സ പ്രകാരമുള്ള അമേരിക്കയുടെ എതിര്‍പ്പുകളെ മറികടന്നാണ് ഇന്ത്യയുടെ നീക്കം.

ചൈനയുമായി റഷ്യ കരാറുകള്‍ ഉണ്ടാക്കിയതിനുള്ള മുന്‍കരുതലാണ് ഇന്ത്യ എടുക്കുന്നത്. പ്രതിരോധ സംവിധാനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

എസ്-400 കരാര്‍ ഒപ്പിട്ടതില്‍ ഇന്ത്യയ്ക്കു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമപ്രകാരം ഇന്ത്യയ്‌ക്കെതിരെ നടപടികള്‍ കൈക്കൊള്ളാനുള്ള അവകാശങ്ങള്‍ യുഎസ് പ്രസിഡന്റിനു മാത്രമാണ്.

ഇന്ത്യയ്ക്കു കൃത്യമായ മറുപടി യുഎസ് നല്‍കും, എപ്പോഴായിരിക്കും അതെന്ന ചോദ്യത്തിന് ‘എത്രയും പെട്ടെന്നു തന്നെ അതുണ്ടാകും, നിങ്ങള്‍ കണ്ടോളു’ എന്ന് ട്രംപ് വ്യക്തമാക്കി. റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസ് കാറ്റ്‌സ നിയമം കൊണ്ടുവന്നത്. റഷ്യയില്‍ നിന്നു യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതിന് അടുത്തിടെ ചൈനയ്‌ക്കെതിരെയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Show More

Related Articles

Close
Close