കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രവര്‍ത്തന മികവിലേക്ക് ഒരു പൊന്‍തൂവല്‍ കുടി. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്തിന്’ അര്‍ഹമായിരിക്കുകയാണ് എയര്‍പോര്‍ട്ട്. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവര്‍ത്തികമാക്കിയതിനാണു സിയാല്‍ ബഹുമതിക്ക് അര്‍ഹമായത്.

പരിസ്ഥിതി സൗഹാര്‍ദമായ പ്രവര്‍ത്തനങ്ങള്‍ക്കായി എര്‍പ്പെടുത്തിയ ഈ പുരസ്‌കാരം 2005മുതലാണ് നല്‍കിത്തുടങ്ങിയത്. പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നൊബേല്‍ പുരസ്‌കാരമെന്ന വിളിപ്പേരിലാണ് ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം അറിയപ്പെടുന്നത്.

സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ പദ്ധതികള്‍ നടപ്പിലാക്കിയതിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ പറഞ്ഞു. സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.