ഇന്തോനേഷ്യയുമായി പ്രതിരോധ, സാമ്പത്തിക കരാറുകളില്‍ ഒപ്പിട്ടു

ഭാരതവും ഇന്തോനേഷ്യയുമായി വിവിധ കരാറുകള്‍ ഒപ്പിട്ടു. പ്രതിരോധ, സാമ്പത്തികരംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള കരാറുകളാണ് ഇവയില്‍ പ്രധാനം. പ്രസിഡന്റ് ജോക്കോ വിഡോഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളിലാണ് കരാറുകളില്‍ ഒപ്പിട്ടത്.

സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവക്ക് എതിരെ യോജിച്ച് ശക്തമായി പ്രവര്‍ത്തിക്കാനും നാവിക രംഗത്ത് സഹകരണം മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട്.

ശക്തമായ സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കാനാണ് തീരുമാനം, വാണിജ്യം, മൂലധന നിക്ഷേപം എന്നിവയിലും സഹകരണം ശക്തമാക്കും. സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധത്തെപ്പറ്റി ഗവേഷണം പ്രോല്‍സാഹിപ്പിക്കാനും ഇന്ത്യന്‍, ഇന്തോനേഷ്യന്‍ ചെയറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മോദി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുബൈക്ക് നേരിട്ട് വിമാനസര്‍വ്വീസ് തുടങ്ങാനുള്ള ഇന്തോനേഷ്യന്‍ എയര്‍ലൈന്‍സായ ഗരുഡയുടെ തീരുമാനത്തെ മോദി പ്രശംസിച്ചു. തിങ്കളാഴ്ച രാവിലെ വിഡോഡോക്ക് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. അദ്ദേഹം രാജ്ഘട്ടിലെ ഗാന്ധി സ്മാരകം സന്ദര്‍ശിച്ച് പുഷ്പചക്രം അര്‍പ്പിച്ചു.