വമ്പൻ കുതിപ്പിൽ, ഐഫോണിന് പിറകെ ആമസോണും !

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ എത്തിപ്പിടിച്ച നേട്ടത്തില്‍ വീണ്ടുമൊരു അമേരിക്കന്‍ കമ്പനി. ലോക സമ്പന്നരില്‍ മുമ്പിലുള്ള ജെഫ് ബെസോസിന്റെ ആമസോണും ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള കമ്പനി ക്ലബ്ബില്‍ ഇടം നേടി. വാണിജ്യ ലോകത്ത് ഇത്രയും മൂല്യമുള്ള കമ്പനിയെന്ന നേട്ടം കഴിഞ്ഞ മാസമാണ് ആപ്പിള്‍ നേടിയത്.

കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ ആമസോണിന്റെ ഓഹരികള്‍ 1.9 ശതമാനം നേട്ടം കൈവരിച്ചതോടെയാണ് അമേരിക്കന്‍ കമ്പനി ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആമസോണിന്റെ ഓഹരികള്‍ മൂന്നിരട്ടിയിലധികം വളര്‍ച്ചയാണ് നേടിയത്. ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് ഇന്‍ക്, മൈക്രോസോഫ്റ്റ് എന്നീ ടെക്ക് കമ്പനികളും ലക്ഷം കോടി ഡോളര്‍ മൂല്യത്തിന് അടുത്തെത്തി.
1994ല്‍ ഓണ്‍ലൈന്‍ ബുക്ക് വില്‍പ്പന കമ്പനിയായി തുടങ്ങി ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായി മാറിയ ആമസോണില്‍ 200 ബില്ല്യന്‍ ഡോളറിന്റെ വില്‍പ്പനയാണ് പ്രതിവര്‍ഷം നടക്കുന്നത്.
575,000 തൊഴിലാളികളാണ് ആമസോണില്‍ നിലവിലുള്ളത്. ഓഹരിയൊന്നിന് 18 ഡോളര്‍ നിരക്കില്‍ 1997ലാണ് ആമസോണ്‍ ഷെയര്‍ മാര്‍ക്കറ്റില്‍ രംഗപ്രവേശം ചെയ്തത്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് ഒരു ഷെയറിന് 2,050 ഡോളര്‍ ആണ് വില. അതേസമയം, ചുരുങ്ങിയ കാലയളവില്‍ ഇത്രയും നേട്ടം കരസ്ഥമാക്കിയത് നികുതി വെട്ടിച്ചും ജീവനക്കാരുടെ അവകാശങ്ങള്‍ ലംഘിച്ചുമാണെന്നുള്ള ആരോപണങ്ങളും ആമസോണിനെതിരേ ഉയരുന്നുണ്ട്.