ഐപിഎസ് അസോസിയേഷനില്‍ തര്‍ക്കം; ഉടന്‍ യോഗം വിളിക്കണമെന്ന് ഒരു വിഭാഗം

ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച്ച വിളിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരിയുടെ നേതൃത്വത്തില്‍ 40 പേര്‍ സെക്രട്ടറി പി. പ്രകാശിന് കത്ത് നല്‍കി. ദാസ്യവേലയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അസോസിയേഷന് പുതിയ നിയമാവലി ഉണ്ടാക്കണമെന്നും അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ ഭാരവാഹികള്‍ വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.

ഐപിഎസുകാരുടെ വീടുകളിൽ അനുവദനീയമായതിലും കൂടുതൽ പൊലീസുകാർ സേവനത്തിലുണ്ടെങ്കിൽ അവരെ 24 മണിക്കൂറിനകം മടക്കണമെന്നാണു ഡിജിപി 19നു പുറപ്പെടുവിച്ച ഉത്തരവ്. 984 പേർ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും അതിൽ 124 പൊലീസുകാരേ ഐപിഎസുകാർക്ക് ഒപ്പമുള്ളൂവെന്നുമാണ് അവരുടെ വാദം. സേനയ്ക്കു പുറത്തുള്ള എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്ന 20 പൊലീസുകാരിൽ 15 പേരെയും കണക്കെടുപ്പിനു മുൻപേ മടക്കിയിരുന്നു. എന്നാൽ, ടെലികമ്യൂണിക്കേഷൽ ഡപ്യൂട്ടേഷനിൽ പോയ പത്തു പേരിൽ അഞ്ചു പേരും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്യാമറാ നിരീക്ഷണത്തിനു നിയോഗിച്ചിരുന്ന നാലു പേരുമാണ് ഉത്തരവു വന്ന ശേഷം തിരിച്ചെത്തിയത്.