ഇര്‍മ ചുഴലിക്കാറ്റ്: സുരക്ഷിത വഴികള്‍ കാണിച്ച് ഗൂഗിള്‍ മാപ്പ്

നാശം വിതച്ച് ഇര്‍മ ചുഴലിക്കാറ്റ് താണ്ഡവമാടുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് രക്ഷക്കെത്തിയത് ഗൂഗിള്‍ മാപ്പ്. ഫ്‌ലോറിഡയിലെ പ്രാദേശിക ഭരണകൂടങ്ങളും ഗൂഗിള്‍ മാപ്‌സും ചേര്‍ന്ന് നാശം വിതച്ച വഴികളെല്ലാം അടച്ചിട്ടതായി അറിയിക്കുകയായിരുന്നു. ഇതോടൊപ്പം സുരക്ഷിത വഴികള്‍ കാണിച്ചു കൊടുക്കാനും ഗൂഗിള്‍ മാപ്പ് സഹായിച്ചു. ഇര്‍മ ചുഴലിക്കാറ്റ് കാരണം മിക്ക റോഡുകളും തകര്‍ന്നു കിടക്കുകയാണ്. ഈ റോഡുകളെ കുറിച്ചുളള തല്‍സമയ വിവരങ്ങള്‍ നല്‍കാന്‍ ഗൂഗിള്‍ വലിയ സഹായമാണ് നല്‍കുന്നത്.

ഫ്‌ലോറിഡയിലെ ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ മാപ്‌സുമായി ചേര്‍ന്ന് ലൈവായി വിവരങ്ങള്‍ കൈമാറുന്നു. ഫ്‌ലോറിഡയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗൂഗിള്‍ മാപ്പിലെ അല്‍ഗോരിതം വരെ മാറ്റിയെന്നാണ് അറിയുന്നത്. ചുഴലിക്കാറ്റിനു ശേഷം അടച്ചിട്ട റോഡുകള്‍ അടയാളപ്പെടുത്തുന്നതിന് ടെക്ക് കമ്പനിയുടെ അടിയന്തര പ്രതികരണ സംഘവുമായി ഫ്‌ലോറിഡ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചുഴലിക്കാറ്റ് ബാധിച്ചവര്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ ഫ്‌ലോറിഡയിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് പ്രവര്‍ത്തിക്കുന്നു. റോഡ് അടച്ചുപൂട്ടലുകള്‍ ഇര്‍മി ക്രാസിസ് മാപ്പില്‍ പ്രത്യക്ഷപ്പെടും, തിരയലില്‍ SOS അലേര്‍ട്ട്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.