ജിഹാദി ജോൺ ഐഎസ് വിട്ടതായി സൂചന

jii
മാധ്യമപ്രവർത്തകരും സന്നദ്ധപ്രവർത്തകരുമായ സ്റ്റീഫൻ സോട്‌ലോഫ്, ജെയിംസ് ഫോളി, ഡേവിഡ് ഹെയിൻസ്, അലൻ ഹെനിംഗ്, പീറ്റർ കാസിംഗ് തുടങ്ങിയവരുടെ മൃഗീയ കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചു എന്ന് കരുതപ്പെടുന്ന ജിഹാദി ജോൺ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഭീകരൻ മുഹമ്മദ് എംവാസി ഐഎസ് ബന്ധം ഉപേക്ഷിച്ചതായി സൂചന. ബ്രിട്ടീഷ് അമേരിക്കൻ കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിൻവാങ്ങല്‍.

തിരിച്ചറിഞ്ഞതോടെ ഭീകരൻ എന്ന നിലയിൽ തന്റെ മൂല്യം നഷ്ടപ്പെട്ടതായും സഹഭീകരർ തന്നെ തനിയ്ക്ക് എതിരെ തിരിയുമെന്ന് ഭയക്കുന്നതായും ഇയാൾ വിശ്വസിക്കുന്നതായാണ് സൂചന. ഇയാൾ സിറിയയിലുളള അത്രയ്ക്ക് ശക്തമല്ലാത്ത ഏതെങ്കിലും ഭീകരസംഘടനയക്കൊപ്പം കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. അതുമല്ലെങ്കിൽ ബ്രിട്ടണും അമേരിക്കയും മധ്യപൂർവ്വദേശത്ത് നടത്തുന്ന ശക്തമായ തെരച്ചിലിൽ പെടാതെ എവിടെയെങ്കിലും ഒളിച്ച് കഴിയാനും സാധ്യതയുണ്ട്.

ഇറാഖിലും സിറിയയിലും ബ്രിട്ടീഷ് അമേരിക്കൻ സേനകൾ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ നിയമത്തിന് മുന്നിലെത്തിക്കുകയോ കൊല്ലുകയോ ആണ് സൈന്യത്തിന്റെ പ്രഥമലക്ഷ്യം.