ജയത്തോടെ ചെന്നൈയിന്‍ എഫ്‌സി ഐഎസ്എല്ലില്‍ ഒന്നാമത്

chennai pune

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പൂനെയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ് സി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായ സമനിലകള്‍ കണ്ട് മടുത്ത ഐഎസ്എല്ലില്‍ ആരാധകര്‍ക്ക് ഗോള്‍മഴ സമ്മാനിച്ചാണ് ചെന്നൈയിന്‍ എഫ് സി-എഫ് സി പൂനെ സിറ്റിയെ തോല്‍പ്പിച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 62ാം മിനിറ്റിലാണ് ചെന്നൈയിന്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 62ആം മിനിറ്റില്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ വലന്‍സിയ മെന്റോസ ചെന്നൈയിനെ മുന്നിലെത്തിച്ചു. ബല്‍വന്ത് സിങ്ങും മെന്‍ഡോസയും നടത്തിയ നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗോള്‍ പിറന്നത്.

16ാം മിനിറ്റില്‍ എലാനോക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കളത്തിലിറങ്ങിയ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ പെല്ലിസാരി ചെന്നൈയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത സെക്കന്റില്‍ തന്നെ എറിക് ഡിജെമ്പ അടിച്ച സെല്‍ഫ് ഗോള്‍ പൂനെയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഇന്ത്യന്‍ താരം ജെ ജെ ലാല്‍പെഗ് ലയാണ് ചെന്നൈയിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയത്.